സിമന്റിനും കമ്പിക്കും മണലിനും വില കുതിച്ചുയരുന്നു; നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ

കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. സാമഗ്രികളുടെ ലഭ്യതക്കുറവും ഇന്ധനവില വർദ്ധനവുമാണ് വിപണിയിൽ പെട്ടെന്നുണ്ടായ ഈ തിരിച്ചടിക്ക് പ്രധാന കാരണം.

 

തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്കുള്ള പ്രധാന നിർമ്മാണ സാമഗ്രികൾ എത്തിച്ചിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ ആഭ്യന്തര വികസന പദ്ധതികൾ സജീവമായതോടെ അവിടുന്ന് പുറത്തേക്ക് നൽകുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത് വിതരണത്തെ ഗുരുതരമായി ബാധിച്ചു. ഇതിന് പുറമെ ജൂലൈ മാസത്തിൽ മൂന്ന് തവണയും ഓഗസ്റ്റിൽ ഒരു തവണയും സാമഗ്രികളുടെ വില വർദ്ധിപ്പിക്കുകയും ചെയ്തു.വിലക്കയറ്റം കാരണം മുൻകൂട്ടി തുക നിശ്ചയിച്ച് ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാനാവാതെ വൻ സാമ്പത്തിക ബാധ്യതയിലാണ് കരാറുകാർ.

 

വിപണിയിൽ എം-സാന്റിന് (പാറമണൽ) ക്യുബിക് അടിക്ക് 40 രൂപയായിരുന്നത് നിലവിൽ 55 രൂപയായി ഉയർന്നു. പി-സാന്റിന്റെ (പ്ലാസ്റ്ററിംഗ് മണൽ) വില 60-ൽ നിന്ന് 75 രൂപയിലേക്കും മെറ്റലിന്റേത് 32-ൽ നിന്ന് 40 രൂപയിലേക്കും എത്തി. 300 രൂപയായിരുന്ന സിമന്റ് ബാഗിന് ഇപ്പോൾ 360 രൂപ നൽകണം. ഒരു സ്‌ക്വയർ ഫീറ്റ് ടൈലിന് 40 രൂപയായിരുന്നത് 55 രൂപയായി വർദ്ധിച്ചു.

 

കമ്പി, കരിങ്കൽ വിപണിയിലും വലിയ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. 150 അടി വരുന്ന ഒരു ലോഡ് കരിങ്കലിന്റെ വില 9,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർന്നു. കിലോയ്ക്ക് 58 മുതൽ 68 രൂപ വരെയായിരുന്ന കമ്പിയുടെ വില നിലവിൽ 64 മുതൽ 85 രൂപ വരെയായി കുതിച്ചുയർന്നു. ക്വാറികളിൽ നിന്നും ഫാക്ടറികളിൽ നിന്നും നിർമ്മാണ സ്ഥലങ്ങളിലേക്ക് സാമഗ്രികൾ എത്തിക്കുന്ന വലിയ ലോറികളുടെ വാടക ഇന്ധനവില വർദ്ധനയെ തുടർന്ന് ഉയർത്തിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!