ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന എൻജിൻ കാവേരി നിർണായക പരീക്ഷണത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. റഷ്യയിലെ കഠിനമായ ശൈത്യകാല സാഹചര്യങ്ങളിൽ നടത്തിയ ഹൈ ആൾട്ടിറ്റ്യൂഡ് പരീക്ഷണത്തിലാണ് എൻജിൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. പരീക്ഷണത്തിൽ 46 കിലോന്യൂട്ടൺ ത്രസ്റ്റ് പ്രതീക്ഷിച്ചപ്പോൾ 48.5 കിലോന്യൂട്ടൺ കരുത്ത് ഉത്പാദിപ്പിക്കാൻ കാവേരിക്ക് സാധിച്ചു.
കശ്മീർ, അരുണാചൽ പ്രദേശ് തുടങ്ങിയ ഉയർന്നതും തണുപ്പേറിയതുമായ അതിർത്തി മേഖലകളിലെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനായിരുന്നു പരീക്ഷണം. ആദ്യഘട്ടത്തിൽ ഇന്ത്യ വികസിപ്പിക്കുന്ന ഘാതക് സ്റ്റെൽത്ത് അറ്റാക്ക് ഡ്രോണുകളിൽ കാവേരി എൻജിൻ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. തേജസ് യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ ഉയർന്ന കരുത്ത് നിലവിലെ കാവേരി എൻജിനിൽ ലഭ്യമല്ലാത്തതിനാൽ, അവയിൽ ജി.ഇ എൻജിനുകളാണ് ഉപയോഗിക്കുന്നത്. അതേസമയം കൂടുതൽ കരുത്തുള്ള കാവേരി 2.0 വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ ജിടിആർഇയും ഡിആർഡിഒയും ചേർന്നുള്ള ഈ വികസനം ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയ്ക്ക് പ്രധാന ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു.
തദ്ദേശീയ എൻജിൻ സാങ്കേതികവിദ്യയിലെ ഈ മുന്നേറ്റം ഭാവിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചേക്കും. വിദേശ എൻജിനുകളെ ആശ്രയിക്കുന്നത് കുറച്ച് നിർണായക വ്യോമസാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഈ പദ്ധതിക്ക് വഴിയൊരുക്കാനാകുമെന്നാണ് പ്രതീക്ഷ.
