സുൽത്താൻ ബത്തേരി / അയ്യൻകൊല്ലി: നാട്ടിലെ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരികെപോയ മലയാളി നഴ്സിനെ സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതി. അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനയെയാണ് (32) റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങിയതിന് ശേഷം കാണാതായത്. സംഭവത്തിൽ കടുത്ത ആശങ്കയിലായ കുടുംബം ഇന്ത്യൻ എംബസിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തി.
കഴിഞ്ഞ മൂന്ന് വർഷമായി സൗദി അറേബ്യയിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫിലോമിന. നാട്ടിൽ അവധിക്ക് എത്തിയ ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ റിയാദിലേക്ക് മടങ്ങിയത്. തുടർന്ന് റിയാദ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ശേഷം ഫിലോമിന ഭർത്താവിനെയും ബന്ധുക്കളെയും ഫോണിൽ വിളിച്ചിരുന്നു. തന്നെ അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് വിശദമായി പരിശോധിക്കുകയാണെന്നുമാണ് ഫോൺ കോളിൽ ഫിലോമിന വീട്ടുകാരോട് പറഞ്ഞത്.
എന്നാൽ ഈ ഫോൺകോളിന് ശേഷം പിന്നീട് ഫിലോമിനയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഭർത്താവ് ജോണും ബന്ധുക്കളും കണ്ണീരോടെ പറയുന്നു. ഇവരുടെ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനും ഫിലോമിനയുടെ സുരക്ഷ ഉറപ്പാക്കാനും നോർക്കയും ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് കുടുംബം സർക്കാരിനോട് അഭ്യർത്ഥിച്ചു.
