വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

ലഡാക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും തന്ത്രപ്രധാന സുരക്ഷാ മേഖലകളിലും വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് 3,350 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ലേയിലെ കുഷോക് ബാകുള റിമ്പോച്ചെ വിമാനത്താവളത്തിലെ 650 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ പാസഞ്ചർ ടെർമിനൽ മന്ദിരം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇതോടൊപ്പം തന്ത്രപ്രധാനമായ സോജില ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും റോഡ് ഗതാഗതം സജ്ജമാകുന്നതോടെ മേഖലയിലെ കാലാവസ്ഥാ വെല്ലുവിളികൾ പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

 

അതിർത്തിയിലെ സൈനിക നീക്കം വേഗത്തിലാക്കാനും പ്രദേശവാസികളുടെ യാത്ര എളുപ്പമാക്കാനും സഹായിക്കുന്ന 298 കിലോമീറ്റർ നീളമുള്ള നിമ്മു-പദും-ദാർച്ച റോഡ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. മുൻപ് 12 മണിക്കൂർ എടുത്തിരുന്ന യാത്രാസമയം വെറും 3 മണിക്കൂറായി കുറയ്ക്കാൻ ഈ പുതിയ ബദൽ പാതയിലൂടെ സാധിക്കും. ഇതോടൊപ്പം ഊർജ്ജ മേഖലയ്ക്ക് കരുത്തേകാൻ 9 മെഗാവാട്ട് ശേഷിയുള്ള ഹാനു ചെറുകിട ജലവൈദ്യുത പദ്ധതിയും ദാ-ഹാനു-ഖൽത്സി ട്രാൻസ്മിഷൻ ലൈനും ലഡാക്കിലെ വൈദ്യുതി ക്ഷാമത്തിന് വലിയ പരിഹാരമാകും.

 

മേഖലയിലെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കുന്നതിനായി ലെയിലെ സിന്ധു ഘട്ടിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കുടിവെള്ള ലഭ്യതയും കൃഷിയും സുഗമമാക്കാൻ ‘പ്രോജക്ട് അമൃത് ഹിം സരോവർ’ വഴി 40 ഗ്രാമങ്ങളിലായി നിർമ്മിച്ച 40 ജലാശയങ്ങളും ഇതോടൊപ്പം ജനങ്ങൾക്ക് തുറന്നുകൊടുത്തു. കേന്ദ്രഭരണ പ്രദേശമായതിന് ശേഷം ലഡാക്കിൽ നടപ്പിലാക്കുന്ന ഇത്തരം വലിയ വികസന പദ്ധതികൾ അതിർത്തി മേഖലയുടെ സുരക്ഷയ്ക്കും സാമ്പത്തിക പുരോഗതിക്കും വലിയ കരുത്താകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!