സൗദിയില് മിസൈല്, ഡ്രോണ് ആക്രമണങ്ങള് ചിത്രീകരിച്ചാല് കടുത്ത നിയമനടപടി. പ്രവാസികള്ക്കും സന്ദര്ശകര്ക്കും മുന്നറിയിപ്പ്. യമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങള് രൂക്ഷമാകുന്ന പശ്ചാത്തലത്തില്, സൗദി അറേബ്യയില് മിസൈല്, ഡ്രോണ് പ്രതിരോധ പ്രവര്ത്തനങ്ങള് ചിത്രീകരിക്കുന്നതിനും, അവ പതിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പങ്കിടുന്നതിനും എതിരെ മുന്നറിയിപ്പ്.
ഇത്തരം നടപടികള്ക്കെതിരേ രാജ്യത്തെ പ്രാദേശിക നിയമപ്രകാരം തടവുശിക്ഷയ്ക്കുവരെ വിധേയമാക്കാമെന്നും ഭരണകൂടം വ്യക്തമാക്കി. ഇത്തരം ചിത്രീകരണങ്ങള് രാജ്യത്തെ നിയമപ്രകാരം വലിയ ശിക്ഷാര്ഹമായ കുറ്റങ്ങളാണെന്ന് സൗദി അറേബ്യയിലെ ഇന്ത്യന് എംബസിയും തങ്ങളുടെ ഔദ്യോഗിക വാര്ത്താക്കുറിപ്പിലൂടെ ആവര്ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉള്പ്പെടെയുള്ള സുപ്രധാന സിവിലിയന് അടിസ്ഥാന സൗകര്യങ്ങള്ക്ക് നേരെ തുടര്ച്ചയായി ആക്രമണങ്ങള് ഉണ്ടായതിനെ തുടര്ന്ന് രാജ്യത്ത് സുരക്ഷാ ആശങ്കകള് വന്തോതില് വര്ദ്ധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യന് എംബസി ഈ അടിയന്തര ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക നിര്ദ്ദേശത്തില് എംബസി വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘സൗദിയിലെ പ്രാദേശിക നിയമങ്ങള് അനുസരിച്ച് മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതുമായും അവ പതിക്കുന്ന സ്ഥലങ്ങളുമായും ബന്ധപ്പെട്ട ഏതുതരത്തിലുള്ള വിവരങ്ങള് ചിത്രീകരിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, സോഷ്യല് മീഡിയ വഴി പങ്കിടുകയോ ചെയ്യുന്നതു വ്യക്തിയെ നിയമ പ്രശ്നങ്ങളിലേക്കു തള്ളിവിടും’
രാജ്യത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യാക്കാരോട് പ്രാദേശിക സുരക്ഷാ നിയമങ്ങള് പൂര്ണ്ണമായി പാലിക്കണമെന്ന് അഭ്യര്ത്ഥിച്ച എംബസി, വിവരങ്ങള് ക്യാമറയില് ചിത്രീകരിക്കുന്നതിന് മാത്രമല്ല, അവ മെസ്സേജിംഗ് ആപ്പുകള് വഴി പങ്കിടുന്നതിനും വിലക്ക് ബാധകമാണെന്ന് അടിവരയിട്ടു പറഞ്ഞു.
