അറഫാ ദിനവും ബലിപെരുന്നാളും മേയ് അവസാനവാരത്തിൽ എത്തുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മേയ് 27 ന് ബലിപെരുന്നാൾ ആരംഭിക്കാനാണ് സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.ഔദ്യോഗികമായ ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുന്നാൾ തീയതികളിൽ അന്തിമ തീരുമാനമുണ്ടാകുക.
ഒൻപതു ദിവസത്തെ സുദീർഘമായ അവധി യുഎഇ മന്ത്രിസഭയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം അറഫാ ദിനത്തിനും ബലിപെരുന്നാളിനുമായി നാല് ദിവസത്തെ പൊതുഅവധിയാണ് ലഭിക്കുക. മേയ് 26 ന് അറഫാ ദിനവും തുടർന്ന് 27 മുതൽ 29 വരെ പെരുന്നാൾ അവധിയുമായിരിക്കും.ഇതിനോടൊപ്പം ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുന്നതോടെ തുടർച്ചയായി ആറു ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും. മേയ് 25 ന് കൂടി അവധി എടുക്കുന്നവർക്ക് മുൻപത്തെ വാരാന്ത്യം ഉൾപ്പെടെ ഒൻപതു ദിവസത്തെ നീണ്ട അവധിക്കാലം ആസ്വദിക്കാൻ സാധിക്കും.
ഇസ്‌ലാം മതവിശ്വാസികളുടെ അഞ്ചാമത്തെ നിർബന്ധിത കർമമായ ഹജ് തീർഥാടനം മേയ് 25-ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുൽഹജ് മാസത്തിലെ ഒൻപതാം ദിനമായ അറഫാ ദിനത്തിൽ മക്കയിലെ അറഫാ മൈതാനിയിൽ തീർഥാടകർ ഒത്തുചേരും.


