കോഴിക്കോട് :പന്തീരാങ്കാവ് ടോൾ പ്ലാസ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ തുക ഈടാക്കാൻ സ്വകാര്യ ക്യുആർ കോഡ് സ്കാനർ ഉപയോഗിച്ച് ജീവനക്കാർ നടത്തിയ തട്ടിപ്പിൽ ഏഴ് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി പരാതി. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കർ, മോണ്ടി രാജ്പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് സംഭവത്തിൽ പ്രതികളായിട്ടുള്ളത്. ഇതിൽ ബിബിൻ രാജ്പുതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളയാളൊഴികെയുള്ള മറ്റ് പ്രതികൾ കരാർ കാലാവധി കഴിഞ്ഞതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. പ്രതികളെ കോഴിക്കോട്ടെത്തിക്കാനാവശ്യമായ നടപടികൾ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
