മാനന്തവാടി : കാട്ടിക്കുളം–തോൽപ്പെട്ടി റൂട്ടിൽ രാത്രി 9 മണിക്ക് ശേഷം യാത്രക്കാരെയും പ്രദേശവാസികളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ വഴിയിൽ തടയുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ കഴിഞ്ഞദിവസം രാത്രി തോൽപ്പെട്ടിയിലേക്ക് ഭക്ഷണം കഴിക്കാൻ പോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ വനപാലകർ തടഞ്ഞുനിർത്തി തിരിച്ചയച്ച സംഭവം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
മുത്തങ്ങ, ബാവലി വനപാതകളിൽ രാത്രിയാത്രാ നിരോധനം നിലനിൽക്കുമ്പോൾ മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് കർണാടകയിലെ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാൻ പൊതുജനങ്ങൾ ആശ്രയിക്കുന്ന ഏക ബദൽ പാതയാണ് കാട്ടിക്കുളം–തോൽപ്പെട്ടി റോഡ് . എന്നാൽ “മൈസൂരിലേക്ക് പോകുന്നവർക്ക് പോകാം, തോൽപ്പെട്ടിയിലേക്ക് പോകാൻ പാടില്ല” എന്ന വിചിത്രവും യുക്തിരഹിതവുമായ നിബന്ധന മുന്നോട്ടുവെച്ചാണ് വനംവകുപ്പ് ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തോൽപ്പെട്ടിയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെയും ഹോട്ടൽ–റിസോർട്ട്, വ്യാപാര മേഖലകളെയും പൂർണ്ണമായി തകർക്കുന്ന സമീപനമാണിതെന്നും സംഘടന ചൂണ്ടിക്കാട്ടി.
രാത്രികാലങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കും യാത്രകൾക്കുമായി പോകുന്ന പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും തടസ്സമില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശം നൽകണമെന്നും ആവശ്യമുയർന്നു പ്രശ്നത്തിൽ ജില്ലാ ഭരണകൂടവും വനംവകുപ്പ് ഉന്നത അധികൃതരും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.വി. മഹേഷ്, എൻ.പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, കെ.എക്സ്. ജോർജ്, സി.കെ. സുജിത്ത്കുമാർ, എം.കെ. ശിഹാബുദ്ദീൻ, ഇ.എ. നാസിർ, കെ. ഷാനു, ജോൺസൺ ജോൺ, എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
