കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യു ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ നേതൃത്വത്തിൽ അനുസ്മരണ പരേഡ് നടന്നു. റിസർവ് ഇൻസ്പെക്ടർ പി. മനോജ് കുമാർ പരേഡിന് നേതൃത്വം നൽകി. ജില്ലാ പോലീസ് മേധാവി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 2025 സെപ്റ്റംബർ ഒന്ന് മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട രാജ്യത്തെ 154 പോലീസ് സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
1959-ൽ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിനിടെ ലഡാക്കിലെ ഹോട്ട് സ്പ്രിങ്സിൽ കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്തുന്നതിനായി പോയ സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തെ ധീരമായി ചെറുത്തുനിന്ന പത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ ത്യജിക്കേണ്ടിവന്നു. ഇവരുടെ ത്യാഗസ്മരണ പുതുക്കുന്നതിനായാണ് എല്ലാ വർഷവും ഒക്ടോബർ 21ന് രാജ്യവ്യാപകമായി പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്.
ജില്ലാ പോലീസ് അഡീഷണൽ എസ്.പി. എൻ.ആർ. ജയരാജ്, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി, എം.എം. അബ്ദുൽ കരീം, ടി.എ. അഗസ്റ്റിൻ, പ്രവീൺകുമാർ, ഷജു ജോസഫ്, മനോഹരൻ തച്ചമ്പത്ത്, ഇൻസ്പെക്ടർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
