ലോകമെമ്പാടും രാഷ്ടീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യ ലോകത്തിന് മുഴുവൻ പ്രതീക്ഷയുടെ വലിയൊരു വെളിച്ചമാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയെപ്പോലുള്ള ശക്തനായ ഒരു നേതാവ് ഇന്ത്യയെ നയിക്കുന്നത് ആഗോളതലത്തിൽ വലിയ ആശ്വാസമാണെന്നും അദ്ദേഹത്തെ തന്റെ സുഹൃത്തെന്നു വിളിക്കാൻ ഏറെ അഭിമാനമുണ്ടെന്നും ഡൊണാൾഡ് ടസ്ക് പറഞ്ഞു.
ഇന്ത്യയും പോളണ്ടും തമ്മിൽ നയതന്ത്രപരമായി യാതൊരു താൽപ്പര്യ സംഘർഷങ്ങളോ ചരിത്രപരമായ ഭിന്നതകളോ ഇല്ലെന്ന് മാധ്യമ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര വിശ്വാസം, ജനാധിപത്യ മൂല്യങ്ങൾ, അഹിംസ എന്ന ആശയം എന്നിവയിൽ അധിഷ്ഠിതമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ അഹിംസാധിഷ്ഠിത സന്ദേശവും ചരിത്രവും പോളണ്ടിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയെ ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നതെന്നും പോളിഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മേഖല, ഡ്രോൺ, സാറ്റലൈറ്റ് സാങ്കേതികവിദ്യ, കൽക്കരി വാതകവൽക്കരണം, ബഹിരാകാശം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചയിൽ തീരുമാനമായി. വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി വിപുലമായ ബിസിനസ് പ്രതിനിധി സംഘവുമായാണ് താൻ ഇന്ത്യയിലെത്തിയതെന്നും ആഗോള സുസ്ഥിരതയ്ക്കായി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പോളണ്ട് സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
