കോഴിക്കോട് : റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മൂന്ന് ടയറുകൾ ഊരിമാറ്റി കടന്നുകളഞ്ഞ യുവാവിനെ മണിക്കൂറുകൾക്കകം കാക്കൂർ പോലീസ് പിടികൂടി ചേളന്നൂർ സ്വദേശി കെ. സഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചേളന്നൂർ അമ്പലത്തുകുളങ്ങര കല്ലിൻപുറത്ത് താഴത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മോഷണം നടന്നത്.
ഒരു ടയർ മാത്രം ബാക്കിവെച്ച് മറ്റ് മൂന്ന് ടയറുകളും വിദഗ്ദ്ധമായി അഴിച്ചെടുത്ത ശേഷം പ്രതി സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. രാവിലെ വാഹനത്തിന്റെ ടയറുകൾ നഷ്ടപ്പെട്ടത് കണ്ട് ഉടമ കാക്കൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്താനായത്.
കാക്കൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിലേഷ്, എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐ ലെനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാംജിത്ത്, സിവിൽ പോലീസ് ഓഫീസർ ശാലിമ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ടയറുകൾ പോലീസ് കണ്ടെടുത്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,.
