കൽപ്പറ്റ : ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ്ങ് എന്നിവയ്ക്ക് നാളെ (ഒക്ടോബർ 25 ഞായറാഴ്ച) പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി. ചെൽസസിനി ഉത്തരവിട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ കളക്ടറുടെ ഉത്തരവ് കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അടിയന്തര നടപടികൾ സ്വീകരിക്കണം പ്രത്യേകിച്ച് ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്ത് ക്യാമ്പ് ചെയ്ത് താമസിക്കുന്ന തൊഴിലാളികളെയും മറ്റും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം . കളക്ടറുടെ ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51 (ബി) പ്രകാരം ശക്തമായ നിയമനടപടികളും ശിക്ഷാ നടപടികളും സ്വീകരിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി.
