കൊച്ചി: ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ ശ്യാം കുമാർ കെ എസ്, എസ് എച്ച് ഒവിശ്വജിത്ത് വി എസ്. എഎസ്ഐ മനോജ് കെ ടി, സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി.
അതേസമയം, ചേരാനല്ലൂർ വാഹനാപകടത്തിലെ ഇരയുടെ കുടുംബം പറയുന്ന കാര്യങ്ങൾ ആണ് ആദ്യം പരിഗണനയിലുള്ളതെന്ന് എഡിജിപി പി വിജയൻ അറിയിച്ചിരുന്നു. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തിടതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു എഡിജിപി പി വിജയൻ. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ആയിരിക്കും തുടർ നടപടികളിലേക്ക് പോകുക. തിരുവനന്തപുരത്തുനിന്നും ഒരു ടീമുമായാണ് എത്തിയത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി അടക്കം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജഡ്ജിയെ അറസ്റ്റ് ചെയ്യുന്ന കാര്യം തൻ്റെ മാത്രം കൈയ്യിലുള്ളതല്ല. കോടതിയുടെ അനുമതി വേണം. അനുവാദമില്ലാതെ മൊഴി രേഖപ്പെടുത്താൻ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദമെന്നും ഏതൊക്കെ നിയമങ്ങൾ ഉണ്ടെന്ന് താൻ പരിശോധിക്കുന്നുണ്ടെന്ന് പി വിജയൻ ചൂണ്ടികാട്ടി. 17 കാരൻ്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. ജഡ്ജിയെ കസ്റ്റഡിയിലെടുക്കാൻ വേണ്ട നടപടികൾ വേഗത്തിൽ ആക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
