ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടി. ഒക്ടോബർ 23ന് നടന്ന നാല് കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എൻഡിഎ സഖ്യം മിന്നുന്ന വിജയം സ്വന്തമാക്കി.
ബിജെപി മൂന്ന് സീറ്റുകളിലും സഖ്യകക്ഷിയായ ജെഡിഎസ് ഒരു സീറ്റിലുമാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യത്തിന്‍റെ ശക്തി പരിശോധിക്കുന്നതിനൊപ്പം, കോൺഗ്രസ് സർക്കാരിന്‍റെ ജനസമ്മിതി വിലയിരുത്തുന്ന ഘടകമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.
ബംഗളൂരു ടീച്ചേഴ്സ് കോൺസ്റ്റിറ്റ്യൂഷൻ മണ്ഡലം കോൺഗ്രസിന് നഷ്ടപ്പെട്ടത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നതാണ്. അഞ്ചു തവണ എംഎൽസി ആയി തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയാണ് തോറ്റത്. ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന ബിബിഎംപി തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലകയാണ് ഈ ഫലമെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. വ്യാജ കഥകൾ മെനയുന്ന കോൺഗ്രസ് സർക്കാരിനെ ജനങ്ങൾ കൈയൊഴിഞ്ഞിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
തെരഞ്ഞെടുപ്പ് ഫലം കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പിനെ ബാധിക്കില്ലെങ്കിലും, പ്രതിപക്ഷ സഖ്യത്തിന് ഇത് രാഷ്ട്രീയമായി വലിയ ഊർജം നൽകിയിട്ടുണ്ട്. 75 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 38 അംഗങ്ങളും, ബിജെപിക്ക് 24ഉം, ജെഡിഎസിന് ആറ് അംഗങ്ങളുമാണുള്ളത്. സർക്കാരിന്‍റെ നാമനിർദ്ദേശത്തിലുള്ള അഞ്ച് ഒഴിവുകൾ നികത്തുന്നതോടെ കൗൺസിലിലെ കക്ഷിനിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.
