കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ 26 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിലായി. ഉദയഗിരി ശാന്തിപുരം സ്വദേശി സതീഷ് ആന്റണി (48) യെയാണ് ആലക്കോട് പോലീസ് തലശ്ശേരി കതിരൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.
2000-ൽ ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്ന് അറസ്റ്റിലായ സതീഷ്, ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് 2005-ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
കാസർകോടും കർണാടകയിലുമായി ഒളിവിൽ കഴിഞ്ഞ പ്രതി, 2010-ഓടെയാണ് കതിരൂർ ഉക്കാസ്‌മൊട്ടയിലെത്തുന്നത്. അവിടെ വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ഒരു ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ ഡ്രൈവറായും ടെക്നീഷ്യനായും ജോലി ചെയ്തിരുന്ന ഇയാൾ സ്വന്തം നാടുമായി യാതൊരുവിധ ബന്ധവും പുലർത്തിയിരുന്നില്ല.
കഴിഞ്ഞ 16 വർഷമായി ഇവിടെ രഹസ്യമായി ജീവിച്ചുപോന്നിരുന്ന ഇയാളെക്കുറിച്ച് സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് (SIB) ലഭിച്ച രഹസ്യ വിവരമാണ് വഴിത്തിരിവായത്. വിവരമറിഞ്ഞ ആലക്കോട് എസ്.എച്ച്.ഒ സി.പി. ജിജേഷ്, എസ്.ഐ കെ.വി. രമേശൻ, സീനിയർ സി.പി.ഒ ജാബിർ എന്നിവരടങ്ങിയ പോലീസ് സംഘം കതിരൂർ ആനക്കാംപൊയിലിൽ വെച്ച് പ്രതിയെ വലയിലാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
