ട്വന്റി-20 സെഞ്ച്വറികളില്‍ റെക്കാഡ്; കൊഹ്‌ലിയെ മറികടന്ന് അഭിഷേക്

ട്വന്റി-20 ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ വിരാട് കൊഹ്‌ലിയെ മറികടന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ്മ.ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ വെറും 38 പന്തില്‍ 113 റണ്‍സ് അടിച്ചുകൂട്ടിയാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത്. ഒൻപത് ഫോറും 11 സിക്സും ഉള്‍പ്പെട്ട ഇന്നിംഗ്സില്‍ 297.37 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതോടെ അഭിഷേകിന്റെ ആകെ ട്വന്റി-20 സെഞ്ച്വറികളുടെ എണ്ണം 11 ആയി. കൊഹ്‌ലിയുടെ പേരിലുള്ള 10 സെഞ്ച്വറികളുടെ റെക്കാഡാണ് താരം മറികടന്നത്. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ (22), പാകിസ്ഥാന്റെ ബാബർ അസം (13) എന്നിവർക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണ് അഭിഷേക്.

 

ട്വന്റി-20 രാജ്യാന്തര മത്സരങ്ങളില്‍ അഭിഷേകിന്റെ സെഞ്ച്വറികളുടെ എണ്ണം നാലായി. ഈ നേട്ടത്തോടെ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവർക്കൊപ്പമെത്തി. ട്വന്റി-20 രാജ്യാന്തരത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ റെക്കാഡ് ഓസ്‌ട്രേലിയൻ ഓള്‍റൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന്റെ പേരിലാണ്. അഞ്ച് സെഞ്ച്വറികളാണ് മാക്സ്‌വെല്ലിനുള്ളത്.

 

70 ട്വന്റി-20 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 69 ഇന്നിംഗ്സുകളിലായി 2,240 റണ്‍സാണ് അഭിഷേക് നേടിയിട്ടുള്ളത്. 33.43 ആണ് ബാറ്റിംഗ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 196.83. നാലു സെഞ്ച്വറികള്‍ക്കൊപ്പം 14 അർദ്ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. 135 റണ്‍സാണ് ഉയർന്ന സ്‌കോർ.

 

ഈ വർഷം മാത്രം 37 ട്വന്റി-20 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് അഭിഷേക് 1,125 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും എട്ട് അർദ്ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു കലണ്ടർ വർഷത്തില്‍ ഏറ്റവും കൂടുതല്‍ ട്വന്റി-20 രാജ്യാന്തര റണ്‍സ് നേടിയ ഇന്ത്യൻ താരമെന്ന സൂര്യകുമാർ യാദവിന്റെ റെക്കാഡ് മറികടക്കാൻ അഭിഷേകിന് ഇനി 40 റണ്‍സ് കൂടി മതി. 2022ല്‍ സൂര്യകുമാർ നേടിയ 1,164 റണ്‍സാണ് നിലവിലെ റെക്കാഡ്.

 

ട്വന്റി-20യില്‍ പത്ത് സിക്‌സോ അതിലധികമോ നേടുന്നത് അഭിഷേകിന്റെ കരിയറില്‍ ഇത് ഏഴാം തവണയാണ്. 18 തവണ ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്ല്‍ മാത്രമാണ് ഇക്കാര്യത്തില്‍ അഭിഷേകിന് മുന്നിലുള്ളത്. ഈ നേട്ടം അഭിഷേക് മൂന്ന് തവണ സ്വന്തമാക്കിയപ്പോള്‍ ഗെയ്‌ലിന് രണ്ട് തവണ മാത്രമാണുള്ളത്. ഓസ്ട്രിയയുടെ കരണ്‍ബീർ സിംഗ് അഞ്ച് തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ട്വന്റി-20യില്‍ 150 സിക്സുകള്‍ പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവുമായി അഭിഷേക്. താരത്തിന്റെ ആകെ സിക്സുകളുടെ എണ്ണം 158 ആയി. സൂര്യകുമാർ യാദവ് (179), രോഹിത് ശർമ്മ (205) എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!