നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ 

കർണാടകയിൽ പ്രശസ്തമായ നന്ദിനി പാൽ വില ലിറ്ററിന് എട്ട് രൂപ ഉയർത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. വിലവർധനവ് നടപ്പിലാകുന്നതോടെ സാധാരണക്കാരുടെ നീല പാക്കറ്റ് ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും. വരൾച്ചയും കാലിത്തീറ്റ, മരുന്നുകൾ, ഗതാഗതം എന്നിവയുടെ ഉയർന്ന ചെലവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷീരകർഷകരെ സഹായിക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.

 

വർധിപ്പിച്ച എട്ട് രൂപയിൽ ഏഴ് രൂപയും പാൽ ഉത്പാദിപ്പിക്കുന്ന കർഷകർക്കാണ് നേരിട്ട് ലഭിക്കുക. ബാക്കി വരുന്ന ഒരു രൂപ പാൽ സഹകരണ സംഘങ്ങൾക്ക് നൽകും. വിലവർധനവോടെ കർഷകർക്ക് ലഭിക്കുന്ന തുക ലിറ്ററിന് 35 രൂപയിൽ നിന്ന് 42 രൂപയായി വർധിക്കും. ഇതിനുപുറമെ സർക്കാർ നൽകുന്ന അഞ്ച് രൂപയുടെ ഇൻസെന്റീവ് കൂടി ചേരുമ്പോൾ കർഷകർക്ക് ഒരു ലിറ്റർ പാലിന് ആകെ 47 രൂപ ലഭിക്കും. കർഷകരും ക്ഷീര സഹകരണ സംഘങ്ങളും നിരക്കുകൾ കൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളും നിയമനിർമ്മാണ സഭയിലെ ചർച്ചകളും പരിഗണിച്ചാണ് സർക്കാർ ഏകകണ്ഠമായി തീരുമാനം എടുത്തത്.

 

കഴിഞ്ഞ ഒക്ടോബർ ആറിന് തന്നെ മന്ത്രിസഭ നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. പാൽ സഹകരണ സംഘങ്ങൾ ലിറ്ററിന് 8 മുതൽ 10 രൂപ വരെ വർധനവാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് തുടർച്ചയായി പാൽ വില വർധിപ്പിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ 2025 മാർച്ച് മാസത്തിൽ ലിറ്ററിന് നാല് രൂപ കൂട്ടിയിരുന്നു. പുതിയ വിലവർധന സാധാരണക്കാരായ ഉപഭോക്താക്കളുടെ മാസ ബജറ്റിനെ കാര്യമായി ബാധിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!