പാലക്കാട് അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പലക്കാട്:കൊഴിഞ്ഞാമ്പാറയില്‍ അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ നിർണായകമായത് അമ്മ നിവേദ്യയും കാമുകൻ മാർട്ടിൻ ഇഗ്നേഷ്യസും തമ്മിലുള്ള വാട്സ്‌ആപ്പ് സന്ദേശങ്ങള്‍. കുട്ടികളെ ഒഴിവാക്കിയാല്‍ ഒരുമിച്ച്‌ ജീവിക്കാമെന്ന് മാർട്ടിൻ ഉറപ്പുനല്‍കിയിരുന്നതായും ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഒരു വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

വടകരപ്പതി പഴണിയാർപാളയം മണല്‍ക്കാട് ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ അമ്മ നിവേദ്യയ്‌ക്ക് പിന്നാലെ രണ്ടാം പ്രതിയായ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടില്‍ എ. മാർട്ടിൻ ഇഗ്നേഷ്യസിനെയും (36) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ മാർട്ടിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

കുട്ടികളെ ഒഴിവാക്കിയാല്‍ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയതെന്നാണ് വിവരം. ‘നമുക്ക് കുട്ടികളെ തീർക്കാം, എന്നിട്ട് എവിടെയെങ്കിലും പോയി ജീവിക്കാം. എല്ലാ പ്ലാനും ഞാൻ പറഞ്ഞുതരാം’ എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ചാറ്റിലുണ്ടെന്നാണ് റിപ്പോർട്ട്. ‘ഞാൻ ചേട്ടന്റെ കൂടെ വരട്ടെ’ എന്നും നിവേദ്യ സന്ദേശമയച്ചിരുന്നു. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടില്‍നിന്ന് പോയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളിലെത്തി അന്വേഷിക്കുകയും ചെയ്തു. കൊലപാതകം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് സംശയം.

 

കൊലപാതകം നടക്കുമ്പോള്‍ മാർട്ടിൻ വീട്ടിലുണ്ടായിരുന്നുവെന്നും ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചതും ഇയാളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിവേദ്യയ്‌ക്ക് കൊലപാതകത്തിന് ആവശ്യമായ സഹായങ്ങള്‍ മാർട്ടിൻ നല്‍കിയതായും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

 

സെപ്റ്റംബർ 29നായിരുന്നു നാടിനെ നടുക്കിയ സംഭവം. മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലുള്ള സിമന്റ് വാട്ടർ ടാങ്കിലാണ് ജെനിഫർ ജൂലിയറ്റിനെയും റോബിൻ ക്രിസ്റ്റഫറിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം അപകടമരണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കുട്ടികളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സെപ്റ്റംബർ 30ന് നിവേദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാർട്ടിന്റെ പങ്കും പുറത്തുവന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!