മീനങ്ങാടി: വിനോദയാത്രയ്ക്കിടെ വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്ന പരാതിയിൽ, പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. സത്യം ജയിച്ചുവെന്ന് ആരോപണ വിധേയനായ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പ്രതികരിച്ചു.
പ്രതിഷേധങ്ങൾക്ക് പിന്നാലെ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയത്. തനിക്കെതിരെ രാഷ്ട്രീയ നീക്കം ഉണ്ടായോ എന്ന് സംശയമുണ്ടെന്നും സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചു എന്ന പരാതി ഉയർന്നതും, വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവർക്കും എതിരെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നതും. പിന്നാലെയാണ് വയനാട് മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയിൽ ഷിവിയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. അതേസമയം പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തള്ളി കുട്ടികൾ രംഗത്തെത്തിയിരുന്നു.
