മേപ്പാടി:ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പില്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ഓരോ ജീവിതം കരുത്തുപിടിപ്പിക്കാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പില്‍ ശക്തമായ കൂട്ടായ്മ രൂപപ്പെടുത്താന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ആത്മ വിശ്വാസത്തോടെ അതിജീവനത്തിന്റെ പാതയില്‍ മുന്നേറാന്‍ സര്‍ക്കാരും പൊതുസമൂഹവും ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുകളിലെ കുടിവെള്ള കണക്ഷന്‍, വൈദ്യുതി, ഭൂമി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും പദ്ധതി പ്രദേശത്തെ പ്രവൃത്തികകളുമായി സഹകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
നവംബര്‍ 20 വരെ വീടുകളുടെ പണികള്‍ നടക്കും. ശേഷം ഗുണഭോക്താക്കള്‍ക്കായി ഒരു അസ്സസ്‌മെന്റ് യോഗം ചേരുകയും തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാം. ലഭ്യമാകുന്ന പരാതികള്‍ പരിഗണിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, എ.ഡി.എം കെ. അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധ രാമസ്വാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം ശിഹാബ്, സുരേഷ് ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.ടി രാകേഷ്, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
