ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോ വാണിജ്യ സിലിണ്ടറിന് 12 രൂപ 50 പൈസയാണ് കമ്പനികൾ പുതുതായി കൂട്ടിയത്. ഇതോടെ കേരളത്തിലെ വിവിധ നഗരങ്ങളിൽ സിലിണ്ടർ വില ഉയർന്നു.
പുതിയ വിലവർധനവോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻ്റെ വില 2,840 രൂപയായി. കോഴിക്കോട്ട് ഇത് 2,870 രൂപയും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് 2,860 രൂപയുമായാണ് മാറിയിരിക്കുന്നത്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 65 രൂപ എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും ആഗോള വിപണി സാഹചര്യങ്ങളും പരിഗണിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽ.പി.ജി. വില പരിഷ്കരിക്കുന്നത്.
പുതിയ വിലവർധന സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, തട്ടുകടകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. വിലക്കയറ്റങ്ങൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധിയാണെന്ന് വ്യാപാരികൾ പറയുന്നു.
വിവിധ നഗരങ്ങളിലെ പുതുക്കിയ സിലിണ്ടർ വില
◾കൊച്ചിയിൽ സിലിണ്ടർ വില 2,840 രൂപ
◾ കോഴിക്കോട്ട് സിലിണ്ടർ വില 2,870 രൂപ
◾ തിരുവനന്തപുരത്ത് സിലിണ്ടറിന് 2,860 രൂപ നൽകണം.
കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 65 രൂപ എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽ പി ജി വില പരിഷ്കരിക്കുന്നത്.
