ഏഷ്യാകപ്പില്‍ ആര്യവീര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ്, ഇന്ത്യയ്ക്ക് വിജയത്തുടക്കം

അണ്ടർ-19 ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 42.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ 19.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം മറികടന്നു.

 

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കള്‍ കളത്തിലിറങ്ങിയ മത്സരം എന്ന നിലയിലും ആരാധകർ ഏറെ ശ്രദ്ധിച്ച പോരാട്ടമായിരുന്നു ഇത്. ആര്യവീർ സെവാഗിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായത്. 51 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് താരം നേടിയത്. ഇന്ത്യൻ നായകൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും 63 പന്തില്‍ പുറത്താകാതെ 53 റണ്‍സെടുത്തു. ഇരുവരും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ തന്നെ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

 

ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർ തുടക്കം മുതല്‍ നേപ്പാളിനെ സമ്മർദത്തിലാക്കുകയായിരുന്നു. പഞ്ചാബില്‍ നിന്നുള്ള പേസർ ഇഷാൻ സൂദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 10 ഓവർ എറിഞ്ഞ താരം നാല് മെയ്ഡൻ ഉള്‍പ്പെടെ 18 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. ഓഫ് സ്പിന്നർ അർജുൻ രാജ്പുതും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 5.3 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് അർജുന്റെ നേട്ടം. യശ്വീർ ഗൗഡ്, മനല്‍ ചൗഹാൻ, കാവ്യ പട്ടേല്‍ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

വിനു മങ്കാദ് ട്രോഫിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും ഇന്ത്യൻ ടീമില്‍ ഇടം നേടിയത്. ടൂർണമെന്റില്‍ ഇരുവരും സെഞ്ച്വറികള്‍ നേടിയിരുന്നു. ആര്യവീർ ടോപ് ഓർഡർ ബാറ്ററായും അൻവയ് വിക്കറ്റ് കീപ്പർ ബാറ്ററായുമാണ് ടീമിലുള്ളത്. നേപ്പാളിനെതിരായ മത്സരത്തില്‍ അൻവയ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!