വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരം

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും അവസരം നൽകി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാണ്ട് എന്നീ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

 

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് എ,എസ്,ഡി,ഡി (ആബ്സന്റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ്) പട്ടികയിൽ ഉൾപ്പെടുത്തി നീക്കം ചെയ്തവർക്കാണ് വീണ്ടും അവസരം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദ്ദേശം നൽകി. വോട്ടർമാർക്ക് വിവരങ്ങൾ എളുപ്പത്തിൽ അറിയുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ താഴെ പറയുന്ന നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്:

പേര് നീക്കം ചെയ്ത വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക അതത് പോളിങ് സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡുകളിൽ വീണ്ടും പ്രദർശിപ്പിക്കും.പഞ്ചായത്ത് ഭവനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസുകൾ, പഞ്ചായത്ത്/തദ്ദേശ സ്വയംഭരണ ഓഫീസുകൾ എന്നിവിടങ്ങളിലും ഈ പട്ടിക ലഭ്യമാക്കും. ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും പട്ടിക പരിശോധിക്കാം.

 

ഫോമുകൾ ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാകും.ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ECINET (ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നെറ്റ്‌വർക്ക്) ലെ ഇആർഒ ഡാഷ്‌ബോർഡ് വഴി പുതിയ എന്യുമറേഷൻ ഫോമുകൾ ലഭ്യമാക്കും. ബൂത്ത് ലെവൽ ഓഫീസർമാർ വഴി വോട്ടർമാരെ നേരിട്ടോ വാട്ട്‌സ്ആപ്പ്, ഇമെയിൽ, എസ്.എം.എസ് (SMS) വഴിയോ ബന്ധപ്പെട്ട് ഫോമുകൾ എത്തിക്കും.

 

വോട്ടർമാർക്ക് പഴയ വോട്ടർ ഐഡി (EPIC) നമ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ നിന്നോ ECINET ആപ്പിൽ നിന്നോ ഫോമുകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കാം. വോട്ടർമാരെ കണ്ടെത്തുന്നതിനായി ബി.എൽ.ഓമാർ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരുമായും (ബി.എൽ.എ) റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.

 

താമസം മാറാത്ത വോട്ടർമാർ പുതിയ പൂരിപ്പിച്ച ഫോമിനൊപ്പം മുമ്പ് ഫോം സമർപ്പിക്കാൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന പ്രസ്താവന സമർപ്പിക്കണം. അപേക്ഷ വോട്ടർക്കോ കുടുംബാംഗങ്ങൾക്കോ ഇ.ആർ.ഒ, എ.ഇ.ആർ.ഒ, അല്ലെങ്കിൽ ബി.എൽ.ഒ എന്നിവർക്ക് നേരിട്ട് നൽകാം. ECINET വഴി ഇ-സൈൻ (e-sign) ഉപയോഗിച്ച് ഓൺലൈനായും സമർപ്പിക്കാം.

 

സംസ്ഥാനത്തിനുള്ളിൽ താമസം മാറിയ വോട്ടർമാർക്ക് ഫോം 8 സമർപ്പിക്കേണ്ടതില്ല. പകരം പുതിയ വിലാസവും മണ്ഡലവും വ്യക്തമാക്കുന്ന വിവരങ്ങളും വിലാസ തെളിവും അടങ്ങിയ എന്യുമറേഷൻ ഫോം പുതിയ മണ്ഡലത്തിലെ ഇ.ആർ.ഒ/എ.ഇ.ആർ.ഒ, അല്ലെങ്കിൽ ബി.എൽ.ഒ മുമ്പാകെ സമർപ്പിച്ചാൽ മതിയാകും. അതേസമയം വിലാസ തെളിവുകളില്ലാത്ത ഭവനരഹിതരായ വോട്ടർമാർക്കായി ബി.എൽ.ഒ നടത്തുന്ന ഫീൽഡ് വേരിഫിക്കേഷൻ റിപ്പോർട്ട് മാത്രം വിലാസ തെളിവായി സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകൾ 1960ലെ രജിസ്‌ട്രേഷൻ ഓഫ് ഇലക്ട്രോഴ്‌സ് റൂൾസിലെ റൂൾ 21(1) പ്രകാരം ഇ.ആർ.ഒമാർ പരിശോധിക്കും. പരിശോധിച്ച് അംഗീകരിക്കുന്ന ഫോമുകൾ നിലവിലുള്ള എസ്.ഐ.ആർ നടപടികളുടെ ഭാഗമായി അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!