മുണ്ടക്കൈ- ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്

ഗുരുവായൂര്‍: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നു. മാനന്തവാടി സ്വദേശി സന്ദീപാണ് ശ്രുതിക്ക് താലി ചാര്‍ത്തിയത്. നിലവില്‍ കളക്ട്രേറ്റിലെ ജീവനക്കാരിയാണ് ശ്രുതി. മുന്‍ മന്ത്രി കെ രാജന്‍ വിവാഹത്തില്‍ പങ്കെടുത്തു.

 

ശ്രുതി കരഞ്ഞപ്പോള്‍ ഒപ്പം കരഞ്ഞിട്ടുള്ള കേരളക്കര ശ്രുതി ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ ഹൃദയപൂര്‍വം ആശംസകള്‍ നേരുകയാണ്. ദുരിതം കുത്തിയൊലിച്ചുവന്ന ഒരു ഉരുള്‍പൊട്ടലില്‍ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതും വേദനകളില്‍ തളരാതെ വീണ്ടും ജീവിച്ചുതുടങ്ങുന്നതും മലയാളി പ്രാര്‍ഥനകളോടെ കണ്ടുനിന്നതാണ്. 2024 ഡിസംബര്‍ മാസത്തിലാണ് ശ്രുതി റവന്യു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്.

 

പല ഘട്ടങ്ങളിലും കലങ്ങിയ കണ്ണുകളോടെ മാത്രം കണ്ടിട്ടുള്ള ശ്രുതി സന്തോഷത്തോടെ പുതുജീവിതത്തിലേക്ക് കടക്കുന്നത് മലയാളക്കരയ്ക്കാകെ ആനന്ദക്കാഴ്ചയാണ്. ശ്രുതിയെ എല്ലാ ഘട്ടങ്ങളിലും ചേര്‍ത്തുപിടിച്ചിരുന്നുവെന്നും ഈ മുഹൂര്‍ത്തത്തിലും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും കെ രാജന്‍ പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും തന്റെ കൈപിടിച്ച ആളാണ് സന്ദീപെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ശ്രുതി പറഞ്ഞു. മുന്നോട്ടുള്ള ജീവിതത്തില്‍ സന്തോഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രുതി കൂട്ടിച്ചേര്‍ത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!