പുതിയ കോവിഡ് വകഭേദമായ PJ.2.1 കാനഡയില്‍ നിന്ന് അമേരിക്കയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്.ഇതോടെ പുതിയ വകഭേദത്തിന്റെ വ്യാപനസാധ്യത, രോഗലക്ഷണങ്ങള്‍, ആരോഗ്യത്തെ ബാധിക്കുന്ന വിധം എന്നിവ സംബന്ധിച്ച് ആശങ്കകള്‍ ഉയരുകയാണ്.പുതിയ വകഭേദത്തിന് നിലവിലുള്ള വാക്സിനുകള്‍ മതിയാകുമെന്നും അതിലൂടെ ആന്റിബോഡികളെ മറികടക്കാൻ കഴിയുമെന്നുമാണ് പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അതേസമയം നിരവധി ജനിതക മാറ്റങ്ങളുള്ള ‘സാള്‍ട്ടേഷൻ വേരിയന്റ്’ (Saltation Variant) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പുതിയ വകഭേദം ശരീരത്തിലെ ആന്റിബോഡികളെ മറികടക്കുമെന്നും അഭിപ്രായമുണ്ട്.
മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ കോവിഡ് വൈറസ് ഉപയോഗിക്കുന്ന ACE2 റിസപ്റ്ററുമായി കൂടുതല്‍ കാര്യക്ഷമമായി ബന്ധപ്പെടാൻ പുതിയ കോവിഡ് വകഭേദത്തിന് കഴിഞ്ഞേക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 2026 മേയ് രണ്ടിന് കാനഡയിലെ ഒന്റാറിയോയിലാണ് PJ.2.1 ആദ്യമായി കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലെ ന്യൂയോർക്കില്‍ ജൂണ്‍ 30-ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് അമേരിക്കയിലെ കാലിഫോർണിയ, അരിസോണ, ന്യൂജേഴ്‌സി, വിർജീനിയ, നോർത്ത് കരോലിന, മിസോറി, ഒക്ലഹോമ, കൊളറാഡോ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലും കണ്ടെത്തി. ഏഷ്യയില്‍ സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും യൂറോപ്പില്‍ ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പനി, വിറയല്‍, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ശരീരവേദന, തലവേദന, രുചിയോ മണമോ തിരിച്ചറിയുന്നതില്‍ മാറ്റം, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍.
