ഫേസ്ബുക്കിലൂടെ സ്ത്രീയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടിയ പ്രതി പോലീസ് പിടിയിൽ

കൽപ്പറ്റ:ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ ഫേസ്ബുക്കിലൂടെ വ്യാജമായി സ്ത്രീയുടെ പ്രൊഫൈൽ നിർമ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ ലത്തീഫിനെ (45) യാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.

 

2025 നവംബർ 12-നാണ് തട്ടിപ്പിന് തുടക്കമായത്. ‘സഫ്ന’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഒരു കുട്ടിയുടെ ചികിത്സാസഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾ പേ വഴി നൽകിയിരുന്നു. വിദേശത്ത് സിവിൽ എഞ്ചിനീയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ‘സഫ്ന’, നാട്ടിലുള്ള സുഹൃത്തായ ലത്തീഫിൻ്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാൻ നിർദ്ദേശിച്ചത്.

 

തുടർന്ന് സഫ്ന എന്ന വ്യാജ പേരിലും, ലത്തീഫ് എന്ന സ്വന്തം പേരിലും വ്യത്യസ്ത നമ്പറുകളിൽ നിന്നും പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. സഫ്ന എന്ന സ്ത്രീ യഥാർത്ഥത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി, ഇരുവരുടെയും ചികിത്സാ ആവശ്യങ്ങൾക്കെന്ന പേരിൽ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു.

 

വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരൻ പണം തിരികെ ചോദിച്ചതിൽ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.  തുടർന്ന് 2026 സെപ്റ്റംബർ 19-ന് പരാതി പ്രകാരം കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ‘സഫ്ന’ എന്ന വ്യാജ പ്രൊഫൈലും ലത്തീഫിൻ്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും സിം കാർഡുകൾ ലത്തീഫിൻ്റെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി.

 

നവംബർ 14-ന് ആവളയിൽ വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സമാനമായ തട്ടിപ്പ് കേസുകളിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ട്. 2023-ൽ തൃശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ പരിധിയിൽ ‘നദീറഷാൻ’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി ക്യാൻസർ ചികിത്സയ്ക്കെന്ന പേരിൽ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ റിമാൻഡിലാവുകയും ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയുമായിരുന്നു. കൂടാതെ മേപ്പയൂർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ട്.

കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എം. രമേശ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.എച്ച്. നാസർ, കെ. അഫ്‌സ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!