സെന്റ് തോമസ് യു.പി. സ്കൂളിൽ ശിശുദിനാഘോഷവും വിജയികൾക്ക് അനുമോദനവും

മുള്ളൻകൊല്ലി: സെന്റ് തോമസ് യു.പി. സ്കൂൾ മുള്ളൻകൊല്ലിയിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തവും കലാപരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് മിനി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക ശിശുദിന സന്ദേശം നൽകി. മുള്ളൻകൊല്ലി വാർഡ് മെമ്പർ സിനി ആന്റണി ആശംസകൾ നേർന്നു. കുട്ടികളുടെ പ്രധാനമന്ത്രി ഇവാനിയ അജയ്, കുട്ടികളുടെ സ്പീക്കർ അഥീന ചാൾസ് എന്നിവർ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ.നോബി പള്ളിത്തറ, കലാമേള കൺവീനർ ശ്രീ സെബാസ്റ്റ്യൻ പി ജെ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി സബിത പൂത്തോട്ടായിൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. കെ.ജി. വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ കൂടുതൽ വർണാഭമായി. അധ്യാപക പ്രതിനിധി ശ്രീ.നൗഫൽ കെ.എം. നന്ദി രേഖപ്പെടുത്തി.

 

ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിന് അഭിമാനമായി മാറിയ വിവിധ മേളകളിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു. സുൽത്താൻ ബത്തേരി ഉപജില്ല ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, കലാമേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ അധികൃതരും അധ്യാപകരും പി.ടി.എ.യും ചേർന്ന് അനുമോദിച്ചു. തുടർന്ന് വിജയികൾക്ക് മുള്ളൻകൊല്ലി ടൗണിൽ സ്വീകരണവും നൽകി.

 

സുൽത്താൻ ബത്തേരി ഉപജില്ലാ തലത്തിൽ സാമൂഹ്യശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാമേളയിൽ എൽ.പി. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. വിവിധ മേളകളിലെ മികച്ച പ്രകടനത്തിലൂടെ സ്കൂളിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥികളുടെ നേട്ടം നാടിനും വിദ്യാലയത്തിനും അഭിമാനമായി.

 

വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളും അക്കാദമിക മികവും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനും ശിശുദിനാഘോഷവും അനുമോദനച്ചടങ്ങും വേദിയായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!