വെള്ളമുണ്ട:നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവനെ, സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയിരിക്കുകയാണ് വെള്ളമുണ്ട പൊലീസ്. നവംബർ 15-ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുന്നതായുള്ള വിവരം ലഭിച്ച നിമിഷം തന്നെ വെള്ളമുണ്ട സ്റ്റേഷനിലെ എസ്.ഐ സജി, സിവില്‍ പൊലീസ് ഓഫീസർമാരായ ശ്യാം, സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘം ഒട്ടും സമയം കളയാതെ യുവാവിന്റെ വീട്ടിലേക്ക് കുതിച്ചു. എന്നാല്‍, വീട്ടില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ കണ്ടെത്താനായില്ല. നിമിഷങ്ങള്‍ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സമീപപ്രദേശത്തേക്ക് തിരച്ചില്‍ ആരംഭിച്ചു.ഇതിനിടെയാണ് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നേരിയ ഞരക്കം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്ന വീടിന്റെ വാതില്‍ പൊലീസുകാർ ചവിട്ടിത്തുറന്ന് അകത്ത് കയറി. ഷാളില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്ന യുവാവിനെ കണ്ടത്. എസ്.ഐ സജിയും സി.പി.ഒ ശ്യാമും ഒട്ടും അമാന്തിക്കാതെ ഓടിയെത്തി താങ്ങിപ്പിടിച്ചു. ഈ സമയം അടുക്കളയില്‍ നിന്നും കത്തിയുമായി പാഞ്ഞെത്തിയ സി.പി.ഒ സുരേന്ദ്രൻ ഷാള്‍ മുറിച്ചുമാറ്റി യുവാവിനെ താഴെയിറക്കി.
തുടർന്ന് ആംബുലൻസിനായി കാത്തുനില്‍ക്കാതെ പൊലീസ് വാഹനത്തില്‍ തന്നെ യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പൊലീസിന്റെ ഈ മിന്നല്‍ വേഗത്തിലുള്ള ഇടപെടല്‍ കാരണം കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനാവുകയും, യുവാവ് അപകടനില തരണം ചെയ്യുകയും ചെയ്തു. ഏത് ഇരുട്ടിനപ്പുറവും ഒരു പ്രഭാതമുണ്ടെന്ന വലിയ ഓർമ്മപ്പെടുത്തല്‍ കൂടിയാവുകയാണ് ഈ സംഭവം. കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി മാറിയ എസ്.ഐ സജിക്കും സംഘത്തിനും നാടാകെ അഭിനന്ദന പ്രവാഹമാണ്.
