കോഴിക്കോട് : മുക്കത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. അബോധാവസ്ഥയിൽ അനീഷിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഏറെ നേരമായിട്ടും കാർ എടുക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. അനീഷിന് അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവസമയത്ത് കാറിൽ അനീഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മരണത്തിൽ പ്രാഥമികമായി അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
