സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ കൃഷിഭവനിലും പോസ്റ്റ് ഓഫീസിലും മോഷണം നടത്തിയ കള്ളൻ ക്ഷമ ചോദിച്ച് കുറിപ്പും എഴുതിവെച്ചതായി വിവരം. രണ്ടിടങ്ങളുടെയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കൃഷിഭവനിൽ ഓഫീസറുടെ മേശയിൽ സൂക്ഷിച്ചിരുന്ന 30 പേനകൾ നഷ്ടപ്പെട്ടു. പോസ്റ്റ് ഓഫീസിൽ നിന്ന് അഞ്ച് പാർസലുകളും മൂന്ന് ഇലക്ഷൻ ഐഡി കാർഡുകളും നഷ്ടമായിട്ടുണ്ട്. രണ്ട് ഓഫീസുകളിലും മേശപ്പുറത്ത് കുറിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് നൂൽപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാരി കൃഷി ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൃഷി ഓഫീസറും മറ്റ് ജീവനക്കാരും സ്ഥലത്തെത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി കൃഷി ഓഫീസറുടെ മുറിയടക്കം പരിശോധിച്ചപ്പോഴാണ് മേശയിലുണ്ടായിരുന്ന പേനകൾ കാണാതായതായി കണ്ടെത്തിയത്. ഇതിനൊപ്പം മോഷ്ടാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പും മേശപ്പുറത്തുണ്ടായിരുന്നു. നേരത്തെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും കൃഷിഭവനിൽ മോഷണശ്രമം നടന്നിരുന്നു.
ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ പോസ്റ്റ് ഓഫീസ് കഴിഞ്ഞ ദിവസം തുറന്നിരുന്നില്ല. ഇതുകാരണം മോഷണം നടന്ന കാര്യം രാവിലെ പതിനൊന്ന് മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോസ്റ്റ് ഓഫീസിന്റെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ഫയലുകളും പാർസലുകളുമെല്ലാം വാരിവലിച്ചിട്ട നിലയിൽ കണ്ടത്.
നൂൽപ്പുഴ പോലീസും പോസ്റ്റൽ വകുപ്പ് ഉന്നത അധികൃതരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഉപഭോക്താക്കൾക്ക് നൽകാനുള്ള അഞ്ച് പാർസലുകളും മൂന്ന് ഇലക്ഷൻ ഐഡി കാർഡുകളും നഷ്ടപ്പെട്ടതായി പോസ്റ്റൽ അധികൃതർ സ്ഥിരീകരിച്ചു. കൃഷിഭവന് നേരെ തുടർച്ചയായി ഉണ്ടാകുന്ന മോഷണശ്രമങ്ങളിലും പോസ്റ്റ് ഓഫീസിലെ മോഷണത്തിലും പ്രദേശവാസികൾ ആശങ്കയിലാണ്. മോഷ്ടാക്കളെ പിടികൂടുന്നതിനായി നെന്മേനി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
