മാനന്തവാടി: കെ.എസ്.ആര്‍.ടി.സി, ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി ഒണ്ടയങ്ങാടി ചെല്ലാട്ടില്‍ ഹൗസില്‍ സി. ആബിദാ (24)ണ് അറസ്റ്റിലായത്. മാനന്തവാടി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ഇയാള്‍ക്ക് ജാമ്യം നല്‍കി.
ചൊവ്വാഴ്ച രാവിലെ 7.15-ഓടെ മാനന്തവാടി ഗാന്ധിപാര്‍ക്കിലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം- മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ എം.ജെ. ജനേഷിനാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയോട് ചേര്‍ത്ത് ബസ് നിര്‍ത്തിയ വിരോധത്തില്‍ ബസ് തടഞ്ഞു നിര്‍ത്തി ബസിനകത്തു കടന്ന് കൈ കൊണ്ട് പുറത്തും കഴുത്തിന്റെ പിന്‍വശത്തും അടിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് ജനേഷ് പരാതി നല്‍കിയത്. ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കണ്ടക്ടര്‍ സുജിത്ത് കുമാറിന്റെ മൊബൈല്‍ഫോണ്‍ ആബിദ് നശിപ്പിച്ചതായും ജനേഷ് പറഞ്ഞു.
ജനേഷ് മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കെ.എസ്.ആര്‍.ടി.സി. മാനന്തവാടി ഡിപ്പോയില്‍ നിന്നുള്ള ഡ്രൈവറെ ഏര്‍പ്പെടുത്തിയാണ് വൈകീട്ട് 4.30-ന് ബസ് തിരുവവന്തപുരത്തേക്ക് പോയത്.
