വയനാട് കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കണിയാമ്പറ്റ സ്വദേശിയായ 14കാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദിക്കുകയും ചെയ്തു. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്തു.
ഇന്നലെയാണ് സംഭവം. വിദ്യാർത്ഥികളുമായി നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നത് കാരണം കുട്ടി നേരത്തെ കണിയാമ്പറ്റ സ്കൂളിൽ നിന്ന് ടിസി വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ സുഹൃത്തുക്കൾ വിളിച്ചുവരുത്തി സ്കൂളിൻ്റെ പരിസരത്തുള്ള റോഡിൽ വെച്ച് ക്രൂരമായി മർദിക്കുന്നത്. ആക്രമണത്തിൽ കുട്ടിയുടെ കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
‘വീട്ടിലേക്ക് പോകുന്നതിനിടെ രണ്ട് സുഹൃത്തുക്കൾ വിളിച്ചുവരുത്തി ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. നിർത്താതെ അടിച്ച് തന്നെ കമ്പിവേലിയിലേക്ക് തള്ളിയിട്ടു. വീണ്ടും ചവിട്ടുകയായിരുന്നു. ശരീരത്തിന്റെ പിറകിലാകെ മുറിവായിരുന്നു’. മർദനമേറ്റ 14കാരൻ പറഞ്ഞു. സംഭവത്തിൽ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ, കൽപ്പറ്റയിലും സമാനമായ രീതിയിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ സഹപാഠിയെ ക്രൂരമായി മർദിച്ചിരുന്നു. 16കാരനെ മർദിച്ച കേസിൽ കൽപ്പറ്റ സ്വദേശിയായ 18കാരൻ നാഫിലിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നാഫിലും സുഹൃത്തുക്കളും ചേർന്ന് സഹപാഠിയുടെ മുഖത്തും തലയിലും വടികൊണ്ട് അടിക്കുന്നതും കുട്ടിയെക്കൊണ്ട് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.


