മാനന്തവാടി : മാനന്തവാടി കെ.എസ്.ആർ.ടി.സി ഗാരേജ് റോഡിലെ വാടക വീടിന്റെ പൂട്ട് പൊളിച്ച് സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം പുലൂർ മുരിങ്ങാത്തൊടികയിൽ മുഹമ്മദാലിയെയാണ് മാനന്തവാടി പോലീസ് ഇരിട്ടിയിലെ ലോഡ്ജിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗാരേജ് റോഡിലെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി പൂട്ട് പൊളിച്ച് അകത്തുകയറിയ പ്രതി മൂന്നര പവൻ സ്വർണ്ണമാണ് മോഷ്ടിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്ന് കണ്ടെത്തിയത്.
