ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാക്കിസ്ഥാൻ പിൻവലിച്ചതോടെ ഐസിസി രക്ഷപെട്ടത് 1500 കോടി രൂപയോളം വരുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന്. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടം. ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന നിലപാട് പാക്കിസ്ഥാൻ സ്വീകരിച്ചത്. എന്നാല്‍ സമ്മർദം അതിജീവിക്കാനാവാതെ വന്നതോടെ പാക്കിസ്ഥാൻ തീരുമാനം മാറ്റി.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കും എന്ന പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും മുംബൈ-കൊളംബോ- മുംബൈ റൗണ്ട് ട്രിപ്പിന്റെ ഫ്ളൈറ്റ് ടിക്കറ്റ് നിരക്ക് 10,000 രൂപയില്‍ നിന്ന് 60,000 രൂപയായി ഉയർന്നു. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം വിപണിയില്‍ എത്രമാത്രം ചലനമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യയുമായുള്ള ടി20 ലോകകപ്പ് മത്സരത്തില്‍ നിന്ന് പിന്മാറരുത് എന്ന് ശ്രീലങ്ക ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
ശ്രീലങ്കൻ ക്രിക്കറ്റിന്റേയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റേയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റേയും ഐസിസിയുടേയും പ്രതിനിധികള്‍ ചേർന്നായിരുന്നു നിർണായക ചർച്ചകള്‍ നടത്തിയത്. ഇന്ത്യയുമായുള്ള മത്സരവുമായി മുൻപോട്ട് പോകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രസ് റിലീസ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച പുറത്തുവിട്ടു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ അംഗങ്ങളില്‍ പലർക്കും ഇന്ത്യയുമായുള്ള മത്സരം നടക്കണം എന്ന നിലപാടാണെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ഈ വിഷയത്തില്‍ സഹകരിക്കുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിയാണ് ഇന്ത്യയില്‍ ടി20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന നിലപാട് ബംഗ്ലാദേശ് സ്വീകരിച്ചത്. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇങ്ങനെയൊരു മാറ്റം സാധ്യമല്ലെന്ന് ഐസിസി വ്യക്തമാക്കി. ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാട് ബിസിഐ ആവർത്തിച്ചതോടെ ഐസിസി ബംഗ്ലാദേശിനെ ടി20 ലോകകപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.



