തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റുന്ന നിലവിലെ രീതിക്ക് പകരം വേദന കുറഞ്ഞ മറ്റ് ശിക്ഷാരീതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്ര സമർപ്പിച്ച ഹർജിയിൽ വിധി പ്രസ്താവിച്ചത്. കുറ്റവാളികളെ തൂക്കിലേറ്റുന്നത് കഠിനമായ വേദനയ്ക്കും ക്രൂരമായ ശാരീരിക യാതനകൾക്കും കാരണമാകുന്നുവെന്നും, ഇതിന് പകരം മാരകമായ വിഷസൂചി പ്രയോഗം, വെടിവെച്ചു കൊല്ലൽ, വിഷവാതകം ഉപയോഗിക്കൽ തുടങ്ങിയ പുതിയ വഴികൾ തേടണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കൂടാതെ, വധശിക്ഷയുടെ രീതി തിരഞ്ഞെടുക്കാനുള്ള അവകാശം പ്രതികൾക്ക് നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

 

എന്നാൽ, നിലവിലെ നിയമനിർമ്മാണത്തിൽ ഇടപെടാൻ വിസമ്മതിച്ച പരമോന്നത കോടതി, തൂക്കിക്കൊല്ലൽ രീതി റദ്ദാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. അതോടൊപ്പം തന്നെ, ഭാവിയിൽ ശാസ്ത്രീയമായോ വൈദ്യശാസ്ത്രപരമായോ കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്തുവരികയാണെങ്കിൽ ഈ വിഷയം ഭരണഘടനാപരമായി വീണ്ടും പരിശോധിക്കുന്നതിന് ഇന്നത്തെ വിധി തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കുറ്റവാളിയുടെ വേദനയും യാതനയും കുറയ്ക്കുന്നതിനും വ്യക്തിപരമായ അന്തസ്സ് ഉറപ്പാക്കുന്നതിനുമായി കൂടുതൽ യോജിച്ച മറ്റ് മാർഗ്ഗങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാരിന് സമഗ്രമായ പഠനം നടത്താവുന്നതാണെന്നും കോടതി ഓർമ്മിപ്പിച്ചു.

 

തൂക്കിക്കൊല്ലുന്നത് വളരെ ലളിതവും പെട്ടെന്ന് ജീവൻ പോകുന്നതുമായ രീതിയാണെന്നും, മറ്റ് വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വിഷസൂചികളും മറ്റും ചില സമയങ്ങളിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ കേസിന്റെ മുൻ വാദത്തിനിടെ, തൂക്കിക്കൊല്ലലിന് പകരം വേദനയില്ലാത്ത മറ്റ് വഴികൾ സാധ്യമാണോ എന്ന് പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയെ അറിയിച്ചിരുന്നു. വിഷയം സർക്കാരിന്റെ ഉയർന്ന തലത്തിൽ പരിശോധിച്ചു വരികയാണെങ്കിലും, നിയമം വഴി നിശ്ചയിച്ചിട്ടുള്ള ശിക്ഷാരീതിയിൽ മാറ്റം വരുത്താൻ പാർലമെന്റിനാണ് അധികാരമെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി നിലവിൽ ഹർജി തള്ളിയിരിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!