കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും, 3 മക്കളെ തടാകത്തിലെറിഞ്ഞ് ജീവനെടുത്ത പിതാവ് അറസ്റ്റിൽ.

തെലങ്കാന: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്വന്തം മക്കളെ തടാകത്തിലെറിഞ്ഞ് ജീവനെടുത്ത പിതാവ് അറസ്റ്റിൽ. കാമറെഡ്ഡി പട്ടണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഇസ്മായിൽ ആണ് തന്റെ 3 പെൺമക്കളെ ക്രൂരമായി ഇല്ലാതാക്കിയത്. ഷിഫാത്ത് (8), ആയത്ത് (7), മറിയം (5) എന്നിവരാണ് മരണപ്പെട്ടത്.

 

ശനിയാഴ്ച രാവിലെ 10 മണി മുതൽ കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് ഇസ്മായിൽ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് 5 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും തിരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ ചോദ്യം ചെയ്യലിൽ ഇസ്മായിൽ നൽകിയ പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിന് സംശയമുണ്ടാക്കിയത്..

 

കുട്ടികളെ ഹോട്ടലിൽ കൊണ്ടുപോയി പ്രഭാതഭക്ഷണം വാങ്ങി നൽകിയ ശേഷം അവിടെ ഇറക്കിവിട്ടു എന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിച്ചപ്പോൾ ഇയാളുടെ വാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇസ്മായിൽ കുറ്റം സമ്മതിക്കുക ആയിരുന്നു..

 

കുടുംബം പുലർത്താൻ ബുദ്ധിമുട്ടുന്നതായും 5 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്നും ഇസ്മായിൽ പോലീസിനോട് പറഞ്ഞു. ദിവസവേതനക്കാരിയായ ഭാര്യ ഷബീന ജോലിക്ക് പോയ സമയത്താണ് ഇയാൾ കുട്ടികളെ തടാകത്തിലേക്ക് കൊണ്ടുപോയത്. 3 കുട്ടികളെയും വളർത്താനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന മാനസിക സമ്മർദ്ദമാണ് ഈ കടുംകെെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി..

 

പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെദ്ദചെരുവ് തടാകത്തിൽ നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാത്രി തന്നെ 2 കുട്ടികളുടെ ശരീരങ്ങള്‍ കണ്ടെത്തിയിരുന്നു. നീന്തൽ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് മൂന്നാമത്തെ കുട്ടിയുടെ ശരീരം പുറത്തെടുത്തത്.

 

പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ദാരിദ്ര്യം മൂലം അരങ്ങേറിയ ഈ ദാരുണ സംഭവം കാമറെഡ്ഡി മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്..


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *