മൈസൂരു:പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ കാർ ഒരു കളിക്കോപ്പായി മാറാൻ പാടില്ലെന്ന് ഹൈക്കോടതി. 2020 ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ, മൈസൂരു സ്വദേശിക്കെതിരെയുള്ള നരഹത്യാ കുറ്റ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
“ഒരു മോട്ടോർ വാഹനത്തിന്റെ സ്റ്റിയറിംഗ് വീൽ ഒരു കുട്ടിയുടെ കയ്യിലെ കളിക്കോപ്പായി മാറാൻ പാടില്ല, പൊതുറോഡുകൾ ഇത്തരം കാര്യങ്ങൾക്കായുള്ള കളിസ്ഥലവുമാകരുത്,” ഒക്ടോബർ 16-ന് പുറത്തിറക്കിയ ഉത്തരവിൽ ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാൻ അനുവദിക്കുമ്പോൾ മാതാപിതാക്കൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഹർജിക്കാരനായ നദീം-ഉർ-റഹ്മാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫോക്സ്വാഗൺ വെന്റോ കാർ ഇയാളുടെ മകൻ ഓടിക്കുന്നതിനിടയിലാണ് ബെംഗളൂരു-മൈസൂരു റോഡിൽ വച്ച് അപകടമുണ്ടായത്. ഈ അപകടത്തിൽ ഒരു ദമ്പതികളും അവരുടെ അഞ്ച് വയസ്സുള്ള മകനും മരണപ്പെടുകയായിരുന്നു. വിചാരണ കോടതി തള്ളിക്കളഞ്ഞ ഡിസ്ചാർജ് ഹർജിയെ ചോദ്യം ചെയ്തും, കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ പ്രതിപാദിക്കുന്ന ഐ.പി.സി 304 പാർട്ട് 2 തനിക്കെതിരെ ചുമത്തിയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നദീം-ഉർ-റഹ്മാൻ ഹൈക്കോടതിയെ സമീപിച്ചത്. മറ്റ് ട്രാഫിക് ലംഘനങ്ങളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
