പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇറാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എല്‍പിജി കപ്പല്‍ സുരക്ഷിതമായി തീരത്തെത്തി. 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ‘നന്ദാദേവി’ എന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് അടുത്തത്. കഴിഞ്ഞ ദിവസം ‘ശിവാലിക്’ എന്ന മറ്റൊരു കപ്പലും ഇന്ത്യയില്‍ എത്തിയിരുന്നു.
സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെയും ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കൃത്യമായ ഇടപെടലാണ് ദൗത്യം വിജയകരമാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയില്‍ ഇന്ത്യൻ, ഇറാനിയൻ നാവികസേനകള്‍ കപ്പലുകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കി.
യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ ഇന്ധനവില 40 മുതല്‍ 50 ശതമാനം വരെ വർധിച്ചിരുന്നു. അമേരിക്ക, ഇസ്റാഈല്‍, യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവയുടെ കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യയ്ക്ക് ഈ ഇളവ് ലഭിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ നടത്തിയ ചർച്ചകളാണ് വഴിത്തിരിവായത്. ഇന്ത്യൻ എണ്ണക്കപ്പലുകളെ ലക്ഷ്യം വയ്ക്കില്ലെന്ന് ഇറാൻ ഈ ചർച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു.




