മാനന്തവാടി : മദ്യലഹരിയിൽ വയോധികയായ അമ്മയെ വീട്ടിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലെ ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന വയോധികയെ പ്രതി തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നു. ഇവരെ കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചു പരിക്കേൽപ്പിച്ച ശേഷം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കൂടാതെ വിഷം നൽകി കൊല്ലുമെന്ന് ചോദിച്ച് അമ്മയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മർദ്ദനമേറ്റതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വയോധിക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം വധശ്രമം, ക്രൂരമായ മർദ്ദനം, ക്രമസമാധാന ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ദിനേശനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
