കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ ലഹരി വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ടു പേരെ പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറും അഭിഭാഷകനും ഇവന്‍റ്മാനേജ്മെന്‍റ് ഉടമയും യുവതികളും അടക്കം എട്ട് പേർ പിടിയിലായത്.
തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, എവിയേഷന്‍ വിദ്യാര്‍ഥി അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്‍റ് മാനേജ്മെന്‍റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ഥികൾക്കും മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. കടവന്ത്ര എസ്എച്ച്ഒ ആര്‍. ബിജു, സബ് ഇൻസ്‌പെക്ടർ പി.ആര്‍. രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.



