IPL-2026 സഞ്ജുവിൻ്റെ ചെന്നൈയെ 8 വിക്കറ്റിന് തോൽപ്പിച്ച് രാജസ്‌ഥാൻ

ഗുവാഹത്തി:ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റം തോല്‍വിയോടെ. ആദ്യം ബൗളിംഗിലും പിന്നീട് ബാറ്റിംഗിലും മിന്നിച്ച രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈയെ നിഷ്പ്രഭമാക്കിയത്. എട്ട് വിക്കറ്റിനായിരുന്നു ജയം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ രാജസ്ഥാന്‍ 12.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. രണ്ട് വിക്കറ്റെടുത്ത രാജസ്ഥാന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറാണ് കളിയിലെ താരം. 36 പന്തില്‍ 43 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണ്‍ മാത്രമാണ് ചെന്നൈ നിരയില്‍ പൊരുതിയത്.

 

17 പന്തില്‍ 52 റണ്‍സടിച്ച വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടാണ് രാജസ്ഥാനെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്. അഞ്ച് സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.നങ്കൂരമിട്ടുകളിച്ച യശസ്വി ജയ്സ്വാള്‍ 36 പന്തില്‍ പുറത്താകാതെ 38 റണ്‍സെടുത്തു.

 

ഓപണിംഗ് വിക്കറ്റില്‍ 6.2 ഓവറില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും രാജസ്ഥാന് മികച്ച അടിത്തറയൊരുക്കി. 15 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടതിനു പിന്നാലെ വൈഭവിനെ അന്‍ശുല്‍ കാംബോജിന്റെ പന്തില്‍ സര്‍ഫറാസ് ഖാന്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് ധ്രുവ് ജുറേല്‍ (ഒമ്പത് പന്തില്‍ 18), റിയാന്‍ പരാഗ് (11 പന്തില്‍ 14 നോട്ടൗട്ട്) എന്നിവരുടെ സഹായത്തോടെ ജയ്സ്വാള്‍ ടീമിനെ വിജയതീരത്തെത്തിച്ചു.

 

നേരത്തേ ടോസ്സ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ്്, മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ചെന്നൈ വിയര്‍ത്തു.

ഓപണറായി ഇറങ്ങിയ സഞ്ജുവാണ് ആദ്യം കീഴടങ്ങിയത്. നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ അക്കൗണ്ടില്‍. ഋതുരാജ് ഗെയ്ക്വാദ് (ആറ്), ആയുഷ് മാത്രെ (പൂജ്യം), മാത്യു ഷോര്‍ട്ട് (രണ്ട്) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായതോടെ ചെന്നൈ 5.3 ഓവറില്‍ നാലിന് 38 എന്ന ദയനീയ സ്ഥിതിയിലായി. വാലറ്റക്കാരെ കൂട്ടുപിടിച്ച് ജെയ്മി ഓവര്‍ടണ്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 120 കടത്തിയത്. ഓവര്‍ടണെ കൂടാതെ സര്‍ഫറാസ് ഖാന്‍ (17), കാര്‍ത്തിക് ശര്‍മ (18) എന്നിവര്‍ക്ക് മാത്രമാണ് പത്തിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. രാജസ്ഥാനു വേണ്ടി നാന്ദ്രെ ബര്‍ഗറെ കൂടാതെ ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *