താമരശ്ശേരി: താമരശ്ശേരി അമ്പലമുക്കിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. കൂരോട്ടുപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മലബാർ ഡിപ്പോയിലെ ബസ്സിനാണ് തീപിടിച്ചത്.
ബസ്സിനകത്ത് പുക നിറഞ്ഞതോടെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേർന്ന് ബസ്സിന് താഴെ പടർന്ന തീയണക്കുകയായിരുന്നു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നെങ്കിലും നാട്ടുകാർ അതിനുമുമ്പ് തന്നെ തീ പൂർണ്ണമായും അണച്ചിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു അപകടമാണ് ഒഴിവായത്.



