മൈസൂർ: ചിക്കമംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്‌ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. ശ്രീനന്ദയ്ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടു കുട്ടികൾ 100 മീറ്റർ അകലെ ഐസ്ക്രീം വാങ്ങാൻ പോയി തിരിച്ചു വന്നു നോക്കുമ്പോഴാണ് ശ്രീനന്ദയെ കാണാനില്ലെന്ന് അറിയുന്നത്. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പമാണ് ഇവർ ചിക്കമംഗലൂർ എത്തുന്നത്.
കുട്ടി വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിരിക്കാം എന്ന സാധ്യത ആദ്യഘട്ടത്തിൽ പോലീസ് തള്ളിയിരുന്നു. തുടർന്ന് വീട്ടുകാർ കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കാം എന്ന രീതിയിൽ സംശയിച്ചപ്പോൾ പോലീസും ആ രീതിയിലായിരുന്നു അന്വേഷണം മുന്നോട്ടു പോയിരുന്നത്. അതേസമയം ശ്രീനന്ദയെ കാണാതായ സ്ഥലത്ത് കൂടുതൽ തിരച്ചിലും തുടങ്ങിയിരുന്നു. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം കേരള പോലീസും കുട്ടിക്കായി തിരച്ചിലിന് എത്തി അയിരുന്നു.



