മുംബൈ:ഇന്ത്യൻ സംഗീത വിസ്മയമായ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ആശാ ഭോസ്‌ലെക്ക് അതിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്നലെ വസതിയിൽ എത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇന്നലെ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുള്ള ആശ ഒരു വെഴ്സ്റ്റൈൽ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങൾ, ഫിലിം ഫെയര്‍ അവാര്‍ഡുകൾ, മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പുരസ്കാരങ്ങൾ തുടങ്ങി നിരവധി അവാര്‍ഡുകൾ ആശയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു.
ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണും ആശക്ക് ലഭിച്ചിട്ടുണ്ട്. ക്ലാസിക്കൽ, കാബറേ, പോപ്പ്, ഗസലുകൾ എന്നിവയിലൂടെ അനായാസമായി പാടാറുള്ള ആശയുടെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.



