ശസ്ത്രക്രിയ പിഴവുകൾക്ക് വിട; കർശന മാർഗരേഖയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ശസ്ത്രക്രിയ മാറിപ്പോകുന്നത് ഒഴിവാക്കാനും ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് തടയാനുമാണ് ഈ നടപടി.

 

പുതിയ നിർദ്ദേശങ്ങൾ പ്രകാരം രോഗിയുടെ പേര്, ശസ്ത്രക്രിയ വിവരങ്ങൾ എന്നിവ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി കൃത്യമായി അടയാളപ്പെടുത്തിയിരിക്കണം. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും കർശനമായ നടപടിക്രമങ്ങൾ പാലിക്കണം.

 

വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പരിശോധിച്ച് ചെക്ക് ലിസ്റ്റ് പൂരിപ്പിക്കണം. തിയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഇത് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ രോഗിയെ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാവൂ. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും തിയേറ്ററിലെ വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം. ശസ്ത്രക്രിയ കഴിഞ്ഞാലുടൻ ഉപകരണങ്ങളുടെ എണ്ണം വീണ്ടും പരിശോധിച്ച് കുറവില്ലെന്ന് ഉറപ്പാക്കി റിപ്പോർട്ട് മേധാവിക്ക് കൈമാറണം.

 

പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതോടെ ശസ്ത്രക്രിയ പിഴവുകളിൽ ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്തം വ്യക്തമാകുമെന്നും വീഴ്ചകൾ സംഭവിച്ചാൽ മറ്റുള്ളവരിലേക്ക് പഴിചാരാൻ കഴിയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാനാണ് ഈ നീക്കം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *