വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു

കൊച്ചി : വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് ആദം(5) ആണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ ആണ് വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം.

 

കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കിള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയതാണ് ആദം. നഗരത്തിലെ പ്രമുഖ പ്രീസ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദം. സംസാര ശേഷി കുറവുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശ്ശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു.

 

സ്‌കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളില്‍ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകര്‍കൊപ്പം പാര്‍ക്കിലെത്തിയത്. ഇതിനു മുമ്പും കുട്ടികളുമൊത്ത് അധ്യാപകര്‍ ഇവിടെ വന്നിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാൽ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ടതോടെ അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവർക്കും ഭക്ഷണം നൽകി. ആദം മുറിയിൽ ഉണ്ടെന്ന ധാരണയിലായിരുന്നു അധ്യാപിക. തുടർന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്.

 

തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് പാര്‍ക്കിന്റെ പിന്നിലായുളള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിന്റെ ടീഷർട്ട് കണ്ടെത്തിയത്. ഉടൻ പാർക്കിലെ ജീവനക്കാരിലൊരാൾ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അടുത്തിടെയാണ് പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുകയാണെന്നും പാർക്കിന്റെ ലൈസൻസ് സംബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *