ലക്കിടി: വയനാട് ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. 6, 7, 8 വളവുകളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നത്. ഇതിൽ ആറാം വളവിന്റെ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു. ഏഴ്, എട്ട് വളവുകളുടെ ഡിസൈൻ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് വിവരം. നവീകരണത്തിനായുള്ള നിർമ്മാണ സാമഗ്രികൾ കരാർ കമ്പനി ചുരത്തിൽ എത്തിച്ചുതുടങ്ങി.
ഡൽഹി ആസ്ഥാനമായ ചൗധരി കൺസ്ട്രക്ഷൻ കമ്പനിയാണ് 22 കോടി രൂപയ്ക്ക് പദ്ധതിയുടെ ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. മരങ്ങൾ മുറിച്ചുമാറ്റി അരികുഭിത്തി കെട്ടി റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതാണ് പദ്ധതി. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഡിസംബറിലാണ് നവീകരണത്തിനാവശ്യമായ വനഭൂമി ദേശീയപാത വിഭാഗത്തിന് വിട്ടുകിട്ടിയത്. മൂന്ന് വളവുകൾ കൂടി വീതികൂട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനം വകുപ്പിന് തുക അടച്ച് ഏറെ നാളത്തെ നടപടിക്രമങ്ങൾക്ക് ശേഷമാണ് ഭൂമി വിട്ടുകിട്ടിയത്.


