സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ അന്തര്‍ സംസ്ഥാന ചെക്‌പോസ്റ്റില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന രണ്ടുകോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാറില്‍ കടത്തുകയായിരുന്ന കണക്കിൽപെടാത്ത രണ്ടു കോടിയിലധികം രൂപയുടെ കുഴല്‍പണമാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്.
സുല്‍ത്താന്‍ബത്തേരി മുള്ളന്‍കുന്ന് കണ്ടാക്കോല്‍ വീട്ടില്‍ അര്‍ഷാദ് (44), കൊടുവള്ളി മദ്രസ ബസാര്‍ പിലാത്തോട്ടത്തില്‍ വീട്ടില്‍ പി.ടി ഇസ്മായില്‍ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പോലീസ് ചേക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
കർണാടക ഭാഗത്തുനിന്നും വന്ന കെ. എ 51 എം.യു 5173 നമ്പർ കാറിലാണ് പണം കടത്താൻ ശ്രമിച്ചത്. ഡിക്കിയുടെ ഇരു വശങ്ങളിലും ബ്രേക്ക് ലൈറ്റ്നോട് ചേർന്ന് അനധികൃതമായി നിർമിച്ച പ്രത്യേകം അറകൾക്കുള്ളിൽ ഒളിപ്പിച്ച 2,27,43000 (രണ്ടുകോടി 27 ലക്ഷത്തി നാൽപ്പത്തിമൂവായിരം) രൂപയാണ് കണ്ടെടുത്തത്
പിടിച്ചെടുത്ത തുകയും വാഹനവും മറ്റും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട് സഹിതം ഹാജരാക്കി. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ പി ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.



