മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം. വിദ്യാർത്ഥി പഠിക്കുന്ന പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി.
ടിസി വാങ്ങുമ്പോൾ റെഡ് മാർക്ക് രേഖപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ടിസി വാങ്ങി സ്‌കൂൾ മാറാനിരിക്കുന്ന ദിവസമാണ് സംഭവമെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം സ്‌കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. തേജസ്സിന്റെ മരണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെക്ക് മാർച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ്.


