തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ ക്ഷേമനിധി രസീത് വേണമെന്ന നിർദേശത്തിൽ ഇളവ്. ക്ഷേമനിധി രസീത് ഇല്ലെങ്കിലും ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടു. സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തിയിരുന്ന നിർദേശമാണ് മാറ്റിയത്. നേരത്തേ ഇഷ്ടമുള്ളവർമാത്രം ക്ഷേമനിധിയിൽ ചേർന്നാൽ മതിയായിരുന്നു. അതിനാൽ തൊഴിലാളികൾ ചേർന്നില്ല. പിന്നീട് കെ.ബി. ഗണേഷ്‌കുമാർ ഗതാഗതമന്ത്രിയായ ശേഷമാണ് ഇങ്ങനെയൊരു നിർദേശം ഏർപ്പെടുത്തിയത്.
ക്ഷേമനിധിയടച്ചതിന്റെ രസീത് ഹാജരാക്കിയവർക്ക് മാത്രമേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് നിർദേശിച്ചു. വാഹനം റോഡിലിറക്കിയ കാലം മുതലുള്ള ക്ഷേമനിധി കുടിശ്ശിക അടക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തൊഴിലാളി സംഘടനകളുടെയും നിവേദനങ്ങൾക്കൊടുവിലാണ് ഈ നിർദേശം മാറ്റി പുതിയ ഉത്തരവിറക്കിയത്.
കേന്ദ്ര മോട്ടോർവാഹന ചട്ടപ്രകാരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകളുടെ പട്ടികയിൽ ക്ഷേമനിധി രസീത് ഉൾപ്പെടുന്നില്ലെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ മറ്റു രേഖകളെല്ലാം സാധുവാണെങ്കിൽ, ക്ഷേമനിധി അടച്ചില്ലെന്നതിന്റെ പേരിൽമാത്രം ഫിറ്റ്നസ് നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രാൻസ്പോർട്ട് കമീഷണർ (എൻഫോഴ്‌സ്മെന്റ്) ആർ. രാജീവ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

